“മണിമലയാറിന്റെ മടിത്തട്ടിലൂടെ കാടും പുൽമേടുകളും പാറകൂട്ടങ്ങളും കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും ഒക്കെ കണ്ടു ഒരു യാത്ര പോയാലോ”. മനോജ് സാർ ആണ് അങ്ങനെ ഒരാശയം പറഞ്ഞത് . തികഞ്ഞ പ്രകൃതി സ്നേഹിയും അധ്യാപകനുമായ മനോജിനെ ആദ്യം പരിച്ചയപെടുന്നത് മാസങ്ങൾക്ക് മുൻപ് “യാത്ര” മാഗസിനിൽ വന്ന ഒരു യാത്ര വിവരണത്തിലൂടെ ആയിരുന്നു. ഇരുമുലച്ചികല്ല് എന്ന സുന്ദരലോകം പരിചയപെടുത്തിയ പ്ലാനെറ്റ് ഗ്രീൻ എന്ന സംഘടനയുടെ സജീവസാന്നിധ്യമാണ് മനോജ്. ഇരുമുലചികല്ലിലേക്ക് ഒരു യാത്ര പോകാൻ വേണ്ടിയായിരുന്നു ഞാനാദ്യം മനോജിനെ വിളിച്ചത്. എന്നാൽ അത്യധികം പ്രയാസമേറിയ ആ യാത്ര മണ്‍സൂണ്‍ കാലയളവിൽ നടത്താൻ ആവാത്തതിനാൽ ആ ചിന്ത പാടേ ഉപേക്ഷികേണ്ടി വന്നു . കുറച്ചു മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും വിളികുമ്പോൾ ആ യാത്രയായിരുന്നു എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. എന്നാൽ ഒക്ടോബർ വരെ അതിനെ കുറിച്ച് ചിന്തിക്കാനേ ആവില്ല എന്ന് മനോജ് പറഞ്ഞപ്പോൾ നിരാശ തോന്നി. പക്ഷെ പകരം മനോജ് പറഞ്ഞ ആശയം എത്രത്തോളം മികച്ചതായിരുന്നു എന്ന് മനസിലാക്കുവാൻ ഒരു പകൽ മുഴുവൻ അദ്ധേഹത്തിന്റെ കൂടെ ചിലവഴിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു
അങ്ങനെ യേന്തയാർ നിന്നും ഇളംകാട് വാലിയന്റു തോണിയംകാട് വഴി കോലാഹലമേടിന്റെ ഉയരങ്ങളിലേക്ക് ഒരു വനയാത്ര നടത്താൻ ഞങ്ങൾ തീരുമാനിച്ചു. മണ്‍സൂണ്‍ ഒഴിയാത്ത ഓഗസ്റ്റ് മാസത്തിലെ ഒരു ഒഴിവു ദിവസം അതിനായ് കണ്ടെത്തി കൊച്ചിയിൽ നിന്നും ഞാൻ യാത്ര തിരിച്ചു . കൊച്ചിയിൽ നിന്നും കടുത്തുരുത്തി, പാല, ഈരാറ്റുപേട്ട, പൂഞ്ഞാർ, കൂട്ടിക്കൽ മാർഗം യേന്തയാർ എത്താനായിരുന്നു എന്റെ പ്ലാൻ. ഏകദേശം 120 കിമി പിന്നിടുവാൻ 3 മണിക്കൂർ എടുത്തെങ്കിലും 7 മണിയോടുകൂടി ഞാൻ യേന്തയാറിനു അടുത്തെത്തിയിരുന്നു. മുകളിൽ നിന്നും മഞ്ഞു മൂടിയ യേന്തയാർ താഴ്‌വരയുടെ ഭംഗി പറഞ്ഞറിയിക്കാൻ ആവാത്തതായിരുന്നു. ചുറ്റും മലനിരകളാൽ ചുറ്റപെട്ട താഴ്വരയിലേക്ക് പ്രഭാത സൂര്യന്റെ വെളിച്ചം മൂടൽമഞ്ഞിന്റെ ഇടയിലൂടെ അരിച്ചിരങ്ങുകയായിരുന്നു. ആ വഴിയിൽ തന്നെ മഴക്കാലത്ത് മാത്രം പ്രത്യക്ഷപെടുന്ന ചില നേർത്ത വെള്ളച്ചാട്ടങ്ങളും കണ്ടു 7.30 യോടുകൂടി ഞാൻ യേന്തയാറിൽ മനോജിന്റെ വീട്ടിലെത്തി. സുഗമുള്ള തണുപ്പിൽ ഒരു ചൂട് ചായ നുകർന്ന ശേഷം അവിടെ നിന്നും 4 കിമി ദൂരെയുള്ള ഇളംകാട് ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി.
ഇളംകാട് ഒരു വലിയ മലനിരയുടെ മുന്നിലാണ് ഞങ്ങൾ ബൈക്ക് നിർത്തിയത്. അവിടെ കണ്ട ഒരു വലിയ മലനിര ക്വാറി സംഗങ്ങൾ പാറ ഖനനതിനായ് വാങ്ങിയെന്നും നാടുകാരുടെ പ്രേതിഷേതാർത്ഥം പിന്നീടത് നിർത്തിവെക്കുകയും ചെയ്തതായ് മനോജ് പറഞ്ഞപ്പോൾ വിഷമം തോന്നി. ആസന്നമരണം കാത്തുകഴിയുന്ന ഒരു രോഗിയോടെന്നപോലെ അനുകമ്പ തോന്നി ആ മലനിരയോടു. മനസ്സിൽ ഒരു നിമിഷം അതിന്റെ നിത്യതക്കുവേണ്ടി പ്രാർത്ഥിച്ചു.ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തു കല്ലുപാകിയ റോഡിലൂടെ ഞങ്ങൾ യാത്ര ആരംഭിച്ചു.
അധികം മുന്നോട്ടു പോകുന്നതിനു മുൻപു തന്നെ വലതുഭാഗത്തെ ഒരു ഇടവഴിയിലേക്ക് കടന്ന ഞങ്ങൾ സുന്ദരമായ ഒരു വെള്ളച്ചാട്ടത്തിന്റെ സമീപത്തേക്ക് ആണ് എത്തിയത്. അതിന്റെ മാസ്മരികത ക്യാമറയിൽ പകർതുന്നതിനിടയിൽ മനോജ് പറഞ്ഞു നമ്മുടെ യാത്ര ഈ വെള്ളചാട്ടതിലൂടെ തന്നെയാണ് ഇനിയും മനോഹരമായ ഒട്ടേറെ വെള്ളച്ചാട്ടങ്ങൾ പിന്നിട്ടാണ് നാം യാത്ര ചെയ്യേണ്ടത് എന്നും. പിന്നീടങ്ങോട്ട് കാണാൻ പോകുന്നതായ കാഴ്ചകളെ പറ്റി എനിക്കപ്പോൾ തന്നെ ഒരു രൂപം കിട്ടിയിരുന്നു.കാട്ടിൽ കുറേയേറെ യാത്ര ചെയ്തിട്ടുണ്ടെങ്ങിലും ഒരു നദിയുടെ ഉത്ഭവം തേടി അതിനെ പിന്തുടർന്ന് ഒരു കാനനയാത്ര ഇതാദ്യമായിരുന്നു. ഒരു വലിയ ജലസ്രോതസ്സിന്റെ ഉത്ഭവം തേടിയുള്ള ഒരു യാത്ര. അത് തീർത്തും പുതിയോരനുഭാവമായിരുന്നു എനിക്ക്.
തുടക്കത്തിൽ ഒരു സ്വകാര്യ വ്യക്തിയുടെ കാപ്പിതോട്ടതിലൂടെയും മറ്റുമായിരുന്നു ഞങ്ങളുടെ യാത്ര മെല്ലെ അത് നിബിഡ വനത്തിലേക്ക് മാറി. ഒട്ടനവധി പക്ഷികളെയും പൂമ്പാറ്റകളെയും കാണാനായ്. ഇരട്ടവാലാൻ, പച്ചിലകുടുക്ക, മൈന , മരംകൊത്തി, തോപ്പികിളി, ആനറാഞ്ചി, ഇതിൾകുരുവി, ചൂളക്കാക്ക, തത്ത, കൽമണ്ണാത്തി, കുട്ടുറുവൻ, ഉപ്പൻ, മീൻകൊത്തി, കാട്ടുകോഴി തുടങ്ങിയ ഇനങ്ങളേയും പേരറിയാത്ത മറ്റൊരുപാടിനം പക്ഷികളെ കാണാനും അതിലുമേറെ ഇനങ്ങളുടെ ശബ്ദം കേൾകാനും പറ്റി. ഏതാനും മാസങ്ങൾക്ക് മുൻപ് തട്ടെകാട് പക്ഷിസങ്കേതത്തിൽ പോയതിനു ശേഷം ഇത്രയും ഇനം പക്ഷികളെ ഒന്നിച്ചു കാണുന്നത് ഇതാദ്യമായാണ്. യാത്രയിലുടനീളം ഒരു ചൂളക്കാക്കയുടെ മധുരഗാനം ഞങ്ങളെ പിന്തുടർന്ന് കൊണ്ടേയിരുന്നു.
സഞ്ചരിക്കുന്ന വഴിയെ കുറിച്ച് അത്യഗാതമായ ജ്ഞാനമുള്ള ആളായിരുന്നു മനോജ്. സഞ്ചാരവഴിലെ ഓരോ പുൽനാമ്പുകളും മനോജിനു പരിചിതമായിരുന്നു. വഴിയില കണ്ട ഓരോ സസ്യ ജന്തു ജാലങ്ങളെയും മനോജെനിക്ക് പരിചയപെടുത്തി തന്നുകൊണ്ടേയിരുന്നു. വർഷങ്ങൾക്കു മുൻപ് കാടായിരുന്ന പ്രദേശം കൃഷിക്കായീ കയ്യേറിയ നാടുകാർ പിന്നീടു കൂടുതൽ സൗകര്യങ്ങൽകായ് പിന്മാറിയപ്പോൾ സ്വന്തം സ്ഥലം കൂടുതൽ വന്യതയോടെ തിരിച്ചുപിടിക്കുന്ന പ്രകൃതിയെ അതിന്റെ എല്ലാ രൗദ്രതയൊടുംകൂടി ഇവിടെ കാണാനാവും.
ചെറുതും വലിതുമായ കുറെയേറെ വെള്ളച്ചാട്ടങ്ങൾ ഇതിനോടകം തന്നെ ഞങ്ങൾ കണ്ടിരുന്നു. ചിലസ്ഥലങ്ങളിൽ എതിചേരാനവാതെ ഞങ്ങൾ വള്ളികളിലും കയറിലുമൊക്കെ തൂങ്ങിയിയിറങ്ങിയാണ് മുന്നോട്ടു പോയത്. വഴുവഴുത്ത പാറകളിൽ പലവട്ടം തെന്നിയെങ്കിലും പരിക്കുകളൊന്നും ഏൽകാതെ ഞാൻ മുന്നോട്ടു നീങ്ങി. കൈയിൽ ക്യാമറയും തോളിൽ ബാഗുമായ് ബാലന്സ് നിലനിർത്താൻ അശ്രാന്തപരിശ്രമം നടത്തുകയായിരുന്ന എന്റെ ബാഗ് കൂടി മനോജ് വാങ്ങി സഹായിച്ചു.
ഏകദേശം 11 മണിയോടെ ഞങ്ങൾ ഒരു ഇടക്കാല വിശ്രമതിനായ് നിന്നു . അവിടെ നിന്നും മുകളിലേക്ക് പോകുവാൻ രണ്ടു വഴികളുണ്ടെന്നും അതിലൊന്ന് വെള്ളചാട്ടതിലൂടെ തന്നെ മുകളിലേക്കും രണ്ടാമത്തേത് വെള്ളച്ചാട്ടത്തിനു സമാന്തരമായ് കാട്ടിലൂടെയും ഉള്ള വഴിയാണെന്ന് മനോജ് പറഞ്ഞപ്പോൾ രണ്ടാമതൊന്നും ആലോചിക്കാതെ ഞാൻ രണ്ടാമത്തെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. വഴുവഴുത്ത പാറകൂട്ടങ്ങൾക്കു മുകളിലൂടെ ഒരു പുൽനാമ്പിൽ നിന്നും മറ്റൊന്നിലേക്കു ചാടുന്ന പുൽചാടിയുടെ ലാഖവത്തോടെ നീങ്ങിയ മനോജിനോപ്പം എത്താൻ എനിക്കാവില്ല എന്ന തിരിച്ചറിവായിരുന്നു ആ തീരുമാനത്തിന് പിന്നിൽ.
അവിടെ നിന്നുമുള്ള യാത്ര മുളംകാടുകൾക്കുള്ളിലൂടെയായിരുന്നു. വ്യത്യസ്ഥ ഇനം മുളകളുടെ ഒരു പദുദീസ തന്നെയായിരുന്നു ചില പ്രദേശങ്ങൾ. മറ്റൊരു വൃക്ഷങ്ങളും ഇല്ലാതെ മുളകൾക്ക് മാത്രമായൊരു സുന്ദര ലോകവും പ്രകൃതി സൃഷ്ടിച്ചു നൽകിയിരുന്നു. മുളയുടെ തളിരുകൾ ദിവസം 3 അടിയിലേറെ വളരുമെന്നത് എനിക്കൊരു അറിവായ് പറഞ്ഞു തന്നത് മനോജാണ്.
കാലുകൾ തളർന്നു തുടങ്ങിയിരുന്നു. ശരീരത്തിലെ ഊർജമൊക്കെ വറ്റിയിരിക്കുന്നു. 1 മണിയോടുകൂടി ഞങ്ങൾ ഉച്ചഭക്ഷനതിനായ് ഒരു വലിയ വെള്ളച്ചാട്ടത്തിന്റെ അരികില നിലയുറപ്പിച്ചു . കൈയ്യിൽ കരുതിയ ഭക്ഷണം കഴിച്ചു വിശപകറ്റി കാട്ടരുവിയിലെ വെള്ളവും കുടിച്ചു. ഒട്ടേറെ ജീവജാലങ്ങളുടെ ജീവനാഡിയായ് ഒഴുകുന്ന മണിമലയാറിന്റെ യഥാർത്ഥ സ്വാദറിയാൻ എനിക്കും സാധിച്ചു. അവിടെ നിന്നും മുകളിലേക്കുള്ള വഴികളൊക്കെയും കാട്ടുപന്നികൾ ഉഴുതുമറിച്ച നിലയിലായിരുന്നു. മണ്ണിരക്കും കിഴങ്ങുകൾക്കും വേണ്ടി കാടായ കാട് ഒക്കെയയും അവ ഉഴുതുമറിചിട്ടിരിക്കുന്നു. ഒറ്റയടിപാതയിലൂടെയുള്ള യാത്ര. ഒരു വശത്തേക്ക് കീഴ്ക്കാംതൂക്കായ ചരിവുകളും അവയ്ക്ക് താഴെ പാറകൂട്ടങ്ങളും മുളംകാടുകളും. വളരെ ശ്രെമകരമായിരുന്നു മുന്നോട്ടുള്ള ഒരു ചുവടും.
അടിക്കാടുകൾ നിറഞ്ഞ വഴികളിലൂടെയായിരുന്നു പിന്നീടുള്ള യാത്ര. അട്ടശല്യം വളരെ രൂക്ഷമായിരുന്നു. ഓരോ ചുവടിലും അവ എന്റെ കാലുകളിലേക്ക് നിർബാദം കയറികൊണ്ടിരുന്നു. ശക്തമായ അടികാടുണ്ടായിരുന്നതിനാൽ അവയെ യഥാസമയം എടുത്തുകളയാൻ സാധിച്ചില്ല. അവഗണിച്ചു മുന്നോട്ടുപോവുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
കുറെ നേരത്തെ നടത്തത്തിനു ശേഷം പണ്ട് തൊഴിലാളികൾ ഉപയോഗിച്ചിരുന്ന ഉപേക്ഷിക്കപെട്ട ഒരു ലയത്തിനു മുന്നിലാണ് ഞങ്ങൾ എത്തിയത്. പോയകാലങ്ങളുടെ ഒരു തിരുശേഷിപെന്നോണം അവശേഷിക്കുന്ന ആ വീടിനു ചുറ്റും കാട് മതിൽതീർതുനിന്നു. പൂർണമായ് കയ്യേറാതെ ഇന്നും ആ വീടിനെ മാത്രം പ്രകൃതി മാറ്റിനിർത്തിയിരിക്കുന്നു. സമയം 3 മണിയോടടുത്ത്തു. മുകളിലേക്ക് ഇനിയൊരു 800 മി കൂടിയേ ഉള്ളൂ എന്ന് മനോജ് പറഞ്ഞപ്പോൾ മനസ് കുളിർത്തു. പിന്നീടുള്ള യാത്ര പുൽമെടുകളിലൂടെയായിരുന്നു. 3.30 ഓടുകൂടി കോലാഹലമേടിന്റെ മുകളിലേക്കെത്തിയ ഞങ്ങൾ തങ്ങൾപാറക്ക് സമീപം കുറച്ചു നേരം വിശ്രമിച്ചു.
ഒരു മണികൂറോളം അവിടെ വിശ്രമിച്ച ഞങ്ങൾ തിരികെ റോഡ് മാർഗം നടക്കുവാനാണ് തീരുമാനിച്ചത്. കോലാഹലമേട് നിന്നും ഇലംകാട് വരെ നീളുന്ന പുതിയ പാതയുടെ ജോലികൾ പുരോഗമിക്കുന്നു. 3 കിമി നടന്നു പിന്നിടവേ തൊഴിലാളികളുമായ് വന്ന ഒരു ജീപ് ഞങ്ങള്ക്കുകൂടി ഇടം നൽകി. പിന്നീടുള്ള 5 കിമി ദൂരം അസ്ഥി നുറുങ്ങുന്ന കുഴികളും കുണ്ടുകളും നിറഞ്ഞ റോഡിലൂടെയുള്ള സാഹസികയാത്ര. തിരികെ ബൈകിനരുകിലെതുമ്പോൾ സമയം 4 മണിയായിട്ടുണ്ടാവണം . തിരികെ മനോജിന്റെ വീട്ടിലെത്തി ഫ്രഷ് ആയ് വീണ്ടും കൊച്ചിയിലേക്ക്.
നാടും നഗരവും തരുന്ന വീർപ്പുമുട്ടലുകലിൽ നിന്നും ഒളിച്ചോടി ഞാനെത്തിയത് മണ്‍സൂണ്‍ ഈറനണിഞ്ഞ കാടിന്റെയും കുഞ്ഞരുവികളിലൂടെ രൂപന്തരപെട്ടു സുന്ദരിയും പിന്നെ രൗദ്രയും ആകുന്ന മണിമലയാറിന്റെ മടിതട്ടിലുമായിരുന്നു. കാടിന്റെയും വെള്ളച്ചട്ടങ്ങളുടെയും സൗന്ദര്യം ഇത്ര കണ്ടു ആസ്വദിച്ച ഒരു യാത്ര ഞാനടുതോന്നും ചെയ്തിരുന്നില്ല. ഈ പുതിയലോകവും സാധ്യതകളും എനിക്ക് പരിചയപെടുത്തിയ മനോജിനും ഈ ദിവസം മുഴുവൻ എന്നെ സുരക്ഷിതനായ് സൂക്ഷിച്ച പ്രകൃതിക്കും നന്ദി പാഞ്ഞുകൊണ്ട് നിർത്തട്ടെ……
*************************
To arrange similar trek contact 9745112411
Pingback: Nature Calling | പാപ്പാനിതോട് വെള്ളച്ചാട്ടത്തിലേക്ക് ഒരു യാത്ര